Thursday, April 27, 2017

മലബാര്‍ കിച്ചണ്‍ @ റോളാസ്ക്വയര്‍, ഷാര്‍ജാ

ഷാര്‍ജയിലേക്കു പുറപ്പെടാന്‍ തയ്യാറായി, ചരക്കുകള്‍ നിറച്ച 'മെഡ് സ്റ്റാര്‍' എന്ന കപ്പല്‍, അതിരാവിലെ കൊച്ചി ഹാര്‍ബറില്‍  മഞ്ഞില്‍ക്കുളിച്ചുകിടന്നു. കപ്പലില്‍ അടുക്കിവച്ചിരിക്കുന്ന അസംഖ്യം കണ്ടൈനറുകളുടെ ഇടയിലെ വിടവുകളിലൊന്നിലിരുന്നു ദുല്‍ഖര്‍കാക്ക കൊടിമരത്തില്‍ മ്ലാനവദനരായിരുന്നിരുന്ന ഉമ്മച്ചിക്കാക്കയേയും വാപ്പച്ചിക്കാക്കയേയും അനിയനായ ഖമര്‍ക്കാക്കയേയും ഇടംകണ്ണിട്ടുനോക്കി. കപ്പല്‍ വിടുമ്പോള്‍ ഉമ്മച്ചിക്കാക്ക പ്ലാസ്റ്റിക്സഞ്ചിയില്‍ തന്നുവിട്ട ഒരാഴ്ച്ചത്തേക്കുള്ള ആഹാരമായ  ഉണക്കമീനുകള്‍ വച്ചിടത്തുതന്നെയില്ലേ എന്നുറപ്പുവരുത്തി.  

വ്യാഴാഴ്ച്ച സന്ധ്യാനേരത്ത് കടല്‍ക്കാക്കകള്‍ തലങ്ങുംവിലങ്ങും പറന്നുനടക്കുന്ന ഷാര്‍ജപോര്‍ട്ടില്‍ കപ്പല്‍  അടുക്കുമ്പോള്‍ ആറുദിവസത്തെ നീണ്ട കടല്‍യാത്രയില്‍ മഞ്ഞും മഴയുമൊക്കെകൊണ്ട് വളരെ ക്ഷീണിതനായിരുന്നു ദുല്‍ഖര്‍. പോര്‍ട്ടില്‍നിന്നു കൂട്ടാന്‍വരാമെന്നേറ്റിരുന്ന അമ്മാവനായ സുലൈമാന്‍കാക്കയെത്തിരഞ്ഞ്‌, കപ്പലിലെ ഏറ്റവുംമുകളിലെ കണ്ടൈനറില്‍ ഇരുന്ന്, നാലുപാടും അമ്പരപ്പോടെ നോക്കവേ പിറകില്‍നിന്നുകേട്ട  "ക്രാ ക്രാആആ" എന്ന പരിചിതസ്വരം ആശ്വാസംപകര്‍ന്നു.

വന്നവഴി ചിറകുകളാല്‍ ഒന്ന് ആശ്ലേഷിച്ച്, കൊക്കുകള്‍തമ്മിലുരുമ്മിയശേഷം  "ജ്ജ് ന്‍റെ പിന്നാലെ പറന്നോ" എന്നുപറഞ്ഞ് സുലൈമാന്‍കാക്ക മുന്നില്‍പറന്നു. ഏകദേശം നാലഞ്ചുമിനുട്ടിനുശേഷം ഒരു പാര്‍ക്കിനുള്ളില്‍ പടര്‍ന്നുപന്തലിച്ചുനിന്ന റോളമരത്തിന്‍റെ  [മരുപ്രദേശങ്ങളില്‍ കാണുന്ന ഒരിനം ആല്‍മരം] ചില്ലയിലെ സാമാന്യം വലിയൊരുകൂട്ടില്‍ ദുല്‍ഖര്‍കാക്കയുടെ പ്രവാസത്തിലെ കന്നിപ്പറക്കല്‍ അവസാനിച്ചു.

ജ്ജിബടെ ഇരി, ഞാനിപ്പ ബരാമെന്നുപറഞ്ഞ സുലൈമാന്‍ കാക്ക, നിരനിരയായി നിലകൊണ്ട അംബരചുംബികളായ കെട്ടിടങ്ങളുടെ ഇടയിലേക്ക് പറന്ന്‍, കറുത്ത പൊട്ടുപോലെ അപ്രത്യക്ഷമായതിനു ശേഷം, ഒരു കഷണം ഉണങ്ങിയ കുബ്ബൂസും മത്തികളുടെ ശരീരഭാഗങ്ങളും കൊക്കില്‍ കോര്‍ത്തുകൊണ്ട്‌ തിരിച്ചുവരുമ്പോള്‍ ഗള്‍ഫ് സ്വപ്‌നങ്ങള്‍ നെയ്ത്, കണ്ണടച്ച് കിടക്കുകയായിരുന്നു ദുല്‍ഖര്‍.

"ദാ തത്ക്കാലം ഒരു കസണം അറബിറൊട്ട്യൂം ചാളേം കയിച്ച് ജ്ജ് അബടെ കെടന്നോ.. നാളെ ബെള്ള്യാഴ്ച്ചയല്ലേ.. ദേ ആ കാണണ പള്ളീന്റെ പിന്നിലെ മലബാര്‍ കിച്ചണില്‍ നല്ല സ്വയമ്പന്‍ കബ്സ ഇണ്ടാക്കണ ദെവസാ.. ജ്ജ് കയിച്ചിട്ടിണ്ടാ കബ്സ?.. അറബ്യോള് കയിക്കണ ഫുഡാ.. ഒക്കെ കൊറച്ചൂസം കൈയ്യുംബോ അനക്ക് തന്നെ മനസ്സെലാവുംന്നേയ്.. നാളെ ജുമാനിസ്ക്കാരം കയിഞ്ഞ ബയി, ജ്ജ്  മലബാര്‍ കിച്ചന്‍റെ പിന്നിലേക്ക്‌ ചെന്നാ ഇസ്ടം പോലെ കിട്ടും.. പിന്നേയ് ഞമ്മളൊന്ന് അജ്മാന്‍ ബരെ പോവാ.. ഞാനൊരൂട്ടം പറഞ്ഞാ.. ജ്ജ് ബല്ലോരോടും പറഞ്ഞ്  ഞമ്മളെ മക്കാറാക്കല്ല്, മാമയ്ക്ക് അജ്മാന്‍ കോര്‍ണിഷില് ഒരു ഫിലിപ്പീനി ബീവീം പുള്ളാരും കുടുമ്മോക്കേണ്ട്.. " അത് പറയുമ്പോള്‍ സുലൈമാന്‍ കാക്കയുടെ തല നാണംകൊണ്ടു കുനിഞ്ഞു.

" ന്‍റെ ബദരീങ്ങളെ ങ്ങള് ആള് കൊള്ളാലാ, ഈ ഫോറിന്‍ ബീവ്യൊക്ക്യാവുമ്പോ അവരടെ രീത്യോളും സംസാരഭാസ്യോക്കെ ഒരു പ്രസ്നാവില്ല്യേ?..."

"ഇല്ലെടാ ഹമുക്കേ.. ഭഷണത്തില്‍ അല്പസ്വല്പം വിത്യാസം കാണൂന്നല്ലാതെ ലോകത്തിലിള്ള എല്ലാ കാക്കോള്‍ക്കും ഒരേ ഭാസേം സ്വഭാവ്വോണ്..... ഞങ്ങത്തമ്മില്‍ ലോഹ്യായതും എങ്ങന്യാച്ചാ, ഇനിക്ക് കിട്ടണ ബര്‍ഗ്ഗറും ഹോട്ട്ഡോഗും പിസ്സയുമൊക്കെ ഞാന്‍ ഓള്‍ക്ക് കൊടുക്കുമ്പോ ഓള് ഓള്‍ക്ക് കിട്ടണ ചാളേം ചപ്പാത്തീം പൊരിച്ച കോയീം ഒക്കെ ഞമ്മക്കും തരും.. അങ്ങനെ മൊഹബത്തായി, നിക്കാഹായി, കുട്ട്യോളുമായി.. മൂത്തവന്‍ ഫ്രെഡ്ബക്കര്‍, രണ്ടാമത്തോന്‍ ആല്‍ബര്‍ട്ട്കാസിം, മൂന്നാമത്തോന്‍ സ്റ്റീവ്നാസര്‍.. ഓക്കേ, ഞമ്മള് പോയി നാളെ ബരാം..."

ഉയര്‍ന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ പറന്നു മറയുന്ന സുലൈമാന്‍ കാക്കയെ നോക്കിയിരിക്കുമ്പോള്‍ നാളെ ജീവിതത്തില്‍ ആദ്യമായി കഴിക്കാന്‍ പോകുന്ന മലബാര്‍ കിച്ചണ്‍ സ്പെഷല്‍ കബ്സയുടെ സ്വാദ് എന്തായിരിക്കും എന്നായിരുന്നു ദുല്‍ഖര്‍ ചിന്തിച്ചിരുന്നത്.

- ജോയ്  ഗുരുവായൂര്‍ 

(പണ്ട്, ഭക്ഷണം എന്ന  വിഷയത്തെ ആസ്പദമാക്കി ഞങ്ങളുടെ പ്രിയപ്പെട്ട "മനസ്സ്" എന്ന കൂട്ടായ്മ്മയില്‍ നടത്തിയ മിനിക്കഥാ മത്സരത്തില്‍ സമ്മാനാര്‍ഹണമായ മിനിക്കഥ.

No comments:

Post a Comment