Sunday, August 14, 2016

ജീവനുള്ള നോക്കുകുത്തി!

പ്രതീക്ഷകള്‍ കുത്തിനിറച്ചെറിഞ്ഞ
വിത്തുകളത്രയും പൊട്ടിമുളച്ചപ്പോള്‍
ആത്മവിശ്വാസത്തിന്‍ കതിരൊളിയാല്‍
മാനസമൊന്നാകെ തുടിച്ചു നിന്നു.
വളമിട്ടും സമയത്ത് വെള്ളമൊഴിച്ചും
ചാലുകള്‍ കീറിയും വിയര്‍പ്പ് തുടച്ചും
പുതുനാമ്പുകളുടെ പുഞ്ചിരിയില്‍
പുലര്‍ക്കാല നിര്‍വൃതികള്‍ തേടി.
ചെടികള്‍ വളര്‍ന്നു കതിരുകള്‍ വന്നു
സ്വര്‍ണ്ണപ്രഭയാല്‍ പാടം വിളങ്ങി
തുരക്കാനെത്തും കീടങ്ങളെ തുരത്തി
ഇരുളില്‍ കണ്ണിമയ്ക്കാതെ കാത്തിരുന്നു
കലപ്പയില്‍ വീണ കണ്ണീരുണങ്ങാന്‍
ഇനിയുമുണ്ടാവില്ലയേറെ കാലം
സ്നേഹവാത്സല്യമാവോളമേറ്റിയ
ചെടികള്‍ നവവധുപോലെ നിന്നു.
മഞ്ഞും വെയിലും മാരിയുമാവോളം
കൊണ്ട മനസ്സില്‍ തുടിയുയര്‍ന്നു.
ഇന്നല്ലെങ്കില്‍ നാളെ തീരുമല്ലോ
അനുഭവിച്ചയോരോ ദുരിതങ്ങളും.
കൊയ്ത്തകള്‍ മൊത്തം മൂര്‍ച്ചകൂട്ടി
കളപ്പുരയെല്ലാം വൃത്തിയാക്കി
അദ്ധ്വാനത്തിന്‍റെ മുത്തിന്‍മണികള്‍
വീട്ടിലെത്തുവാന്‍ സമയമായി
പുലര്‍ക്കാലസൂര്യനു വന്ദനങ്ങള്‍
കൈലിയുടുത്തും കച്ച മുറുക്കിയും,
കതിരുകള്‍വെട്ടി കറ്റകള്‍ തീര്‍ക്കാന്‍
കൊയ്ത്തരിവാളുകള്‍ യാത്രയായി.
പൊടുന്നനേ മാനമിരുണ്ടങ്ങ്‌ വന്നു
തുള്ളിക്കൊരു കുടം പേമാരിയും
ഇടിമുഴക്കത്തില്‍ ഹൃദയം നുറുങ്ങി
ജീവനുള്ള നോക്കുകുത്തി വിതുമ്പി.
- ജോയ് ഗുരുവായൂര്‍

No comments:

Post a Comment