Sunday, August 14, 2016

നഷ്ടപ്പെടലിന്‍റെ പരിദേവനങ്ങള്‍

നഷ്ടപ്പെടലിന്‍റെ പരിദേവനങ്ങള്‍
===========================
എല്ലാം നഷ്ടമായവരുടെ പരിദേവനങ്ങള്‍
ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ
എന്നാല്‍ സ്വന്തം മുഖത്ത് വിളയിച്ചെടുക്കുന്ന
ഒരു പുഞ്ചിരിയെപ്പോലും പുഞ്ചിരിപ്പിക്കാനോ
പൊട്ടിച്ചിരിപ്പിക്കാനോ ആവാതെ
പാപ്പരായിപ്പോകുന്നവരുടെ കാര്യമോ?
ചാകരക്കാലത്ത് കൈയില്‍ക്കിട്ടിയതല്ലാം
വാരിവലിച്ചു തോന്നിയവര്‍ക്ക് കൊടുക്കുമ്പോള്‍
ഓര്‍ക്കണമായിരുന്നെന്നു വല്ലവരും ചോദിച്ചാല്‍
അത് ന്യായം......
കൊടുക്കുന്നത് നാലിരട്ടിയായി തിരിച്ചുകിട്ടുമെന്നത്
ചിട്ടിക്കമ്പനിയുടെ വാഗ്ദാനമായിരുന്നല്ലോ
ജപ്തി ചെയ്തുകൊണ്ടുപോകുന്ന കൂട്ടത്തില്‍
ചുരുങ്ങിയ പക്ഷം എന്‍റെ
ദുഖങ്ങളേയെങ്കിലും വെറുതേവിടാമായിരുന്നു
ഇതിപ്പോ സന്തോഷങ്ങളും സന്താപങ്ങളും
പുഞ്ചിരികളും എന്തിന് വിതുമ്പലുകള്‍പ്പോലും
ബാക്കിവയ്ക്കാതെ ഒക്കെ നിങ്ങള്‍ അടിച്ചുമാറ്റിയില്ലേ?!
വലിച്ചെറിഞ്ഞിട്ട നിര്‍വ്വികാരതയാകുന്ന,
ആ ഒഴിഞ്ഞ സഞ്ചികൊണ്ട് എനിക്കെന്തു പ്രയോജനം?
ദയവായി നിങ്ങളെനിക്ക് ആര്‍ക്കും വേണ്ടാത്തയാ
ദുഖങ്ങളെങ്കിലുമൊന്നുതിരിച്ചു തരൂ..
അങ്ങനെയെങ്കിലും ഞാനെന്‍റെ നിര്‍വ്വികാരത മാറ്റട്ടേ.
ഒന്ന് പച്ചപിടിച്ചുവരുമ്പോള്‍ എല്ലാം പലിശസഹിതം
വീണ്ടും നിങ്ങള്‍ക്കുതന്നേ എടുക്കാമല്ലോ..
- ജോയ് ഗുരുവായൂര്‍

1 comment:

  1. ഇനി നിർവ്വികാരതയാകും ബാക്കികാലം.

    ReplyDelete