Sunday, April 29, 2012

മാധവം

 
മാധവം 
പുലരിതന്‍ പരിലാളനയിലൊരു പെണ്‍പുഷ്പ്പം 
പാത തന്‍ പാരിജാതമെന്നപോല്‍
പാല്‍നുര തോല്‍ക്കും പൌര്‍ണ്ണമി ശോഭയില്‍
പാരിന്നഴകായവതരിച്ചു
പാറിപ്പറന്നൊരു പൊന്‍ശലഭം
പൂമണം തേടിയലഞ്ഞീടവേ
പ്രശോഭയില്‍ വിളങ്ങുമാ മലരില്‍
പ്രേമോപാസകനായ് വന്നണഞ്ഞൂ
മഞ്ഞു തോല്‍ക്കുമാ ദളനിര്‍മ്മലതയിലൊരു
മര്‍മ്മരമായ് ഒരു മധുവിധുവായാശലഭം
മഴവില്ലിന്‍ മൃദുവര്‍ണ്ണച്ചിറകാലൊരു
മാധവ നര്‍ത്തനമാടി..
മധുവഴിയുമാ അധരദളങ്ങളില്‍
മാദകനര്‍ത്തനമാടി.

പ്രിയനേ നീ പോകല്ലൊരിക്കലും
പാതയിലെന്നെ നീ ഏകയാക്കി
ആര്‍ത്തു പറന്നു മധു നുകരാനായ്
ആരവം കൂട്ടുമളികുലം വന്നെന്‍റെ
ആരണ്യശോഭ കവര്‍ന്നെടുത്താല്‍
ആരോരുമില്ലാതെ ഞാനുലയും
ഇല്ല പിരിയില്ല നിന്നെയൊരിക്കലും
ഇണ്ടല്‍ നിനക്കേവമേകിടാനായ്
ഇല്ലയെനിക്കാവില്ല മറുപുഷ്പം തേടാന്‍
ഇനിയുള്ള കാലമൊരിക്കലുമേ
മഴയെത്തി മഞ്ഞെത്തി മാനത്തിന്‍
മാറിലെയാരാമദീപത്തിന്‍ തിരിയണഞ്ഞൂ
മാറിലൊതുക്കീ ആ മാദകമുകുളത്തെ
മറ്റാരും കാണാതെയാശലഭം.

- ജോയ് ഗുരുവായൂര്‍

No comments:

Post a Comment